Thursday, August 30, 2012

മഴമേഘങ്ങള്‍

നിലാവുണ്ടായിരുന്നു.
 ആ രാത്രി  കിടന്ന വിരിപ്പില്‍ ചിതറിയ മുല്ലപൂക്കളുടെ സുഗന്ധം സിരകളില്‍ ഉന്മേഷം പടര്‍ന്നു. മുടിയിഴകളില്‍ കുത്തിപിടിച്ച്‌ കിടക്കുന്ന പൂവിതളുകള്‍ ഓരോന്നായി അടര്‍ത്തി മാറ്റി. ചുളിവു വീണ വിരിപ്പിന്റെ തലപ്പ്‌ പിടിച്ചു വലിച്ചു വൃത്തിയാക്കി. ജാലകത്തിനരികിലേക്ക്‌ ചെന്ന് പുറത്തേക്ക്നോക്കി. നല്ല മഴ പെയ്യുന്നുണ്ട്.
ഈ സമയത്ത് തന്റെ ഇണയെ പിരിഞ്ഞു പോകാന്‍ മാത്രം അദേഹത്തിനു എന്ത് സംഭവിച്ചു. ആവേശഭരിതനായി ആയിരുന്നല്ലോ എന്നെ അദ്ദേഹം പ്രാപിച്ചത്. എന്നിട്ടും ഒരു യാത്ര പോലും പറായാതെ അദ്ധേഹം എങ്ങോട്ടാണ് പുറപ്പെട്ടത്‌.  . .
മനസ്സിന്റെ ചിന്തകളെ പുറത്തെടുക്കാനും വയ്യ ഇന്നെന്റെ ആദ്യ രാത്രിയാണല്ലോ..
ഇന്നലെ കൂട്ടുകാരികള്‍ പറഞ്ഞു തന്ന പോലെയോന്നുമല്ലല്ലോ സംഭവിച്ചത്.
എല്ലാ സന്തോഷവും കെട്ടടങ്ങുമോ ദൈവമേ..
ഒന്നും വേണ്ടായിരുന്നെന്നു തോന്നി പോകുന്നു. ഇവിടെയാണെങ്കില്‍ ആരെയും എനിക്ക് പരിചയമില്ല വാതില്‍ തുറന്നു ചോദിക്കാതിരിക്കാനും വയ്യ, ഓര്‍മ്മകള്‍ കാടുകയറുകയാണ് . നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ മുറിയുടെ ചുറ്റും കണ്ണോടിച്ചു. മുറിയുടെ മൂലയില്‍ ആലസമായി കിടന്ന കട്ടിയുള്ള ചങ്ങല കണ്ടു ഉള്ളൊന്നു നടുങ്ങി . മനസ്സ് പ്രാര്‍ഥിച്ചു ഈശ്വരന്മാരെ ...
അച്ഛന്‍ പണയപ്പെടുത്തിയ ആധാരവും ചേച്ചിയുടെ ആഭരണങ്ങളും തന്ന്‍  എന്നെ വിവാഹവേദിയിലെത്തിക്കുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.  സന്തോഷമായിരുന്നു അവിടം.
എല്ലാം തകര്‍ന്നടിയുമോ...?
ഓര്‍മ്മകള്‍ എങ്ങാണ്ടൊക്കെയോ എത്തി പിടിക്കാന്‍  തുനിയുന്നു.
ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ വാതിലിന്റെ പാളി പതിയെ തുറന്നു. ചുറ്റും ശുന്യത ദുരെ നിന്നും പട്ടികള്‍ ഓരിയിടുന്നത്  കേള്‍ക്കാം.  എല്ലാവരും ഉറക്കത്തി ലാണ്. അപ്പുറത്തെ ജാലകത്തില്‍ തട്ടി പതിയെ വിളിച്ചു അമ്മേ ..?
അകത്തു നിന്നും ശബ്ദം  കേള്‍ക്കും വരെ മുട്ടി അവസാനം കതകു തുറന്നു,
" എന്താ മോളെ ...?
"അമ്മേ" .. "ശരത് ..!
"എന്ത് പറ്റി മോളെ തെളിച്ചു പറയൂ"..
"അമ്മേ ഏട്ടനെ കാണാനില്ല"
"ദൈവമേ..!
 ഇവനിതെങ്ങു പോയി"
പരിഭവത്തോടെ അവര്‍ പുറത്തേക്കിറങ്ങി.
ഇത് കേട്ടാവണം മുത്തശ്ശി അകത്തു നിന്നും വിളിച്ചു.
"കാര്‍ത്യായനീ ..
ഭാസ്കരനെ വിളിക്ക് അവന്‍ അമ്പലപറമ്പില്‍ പോയി കാണും"
"എന്റെ ദൈവങ്ങളെ...
"ഇന്നിനി പുകില് തന്നെ മോള് പോയി കെട ന്നോളു"
ഏട്ടനെന്തു പറ്റി അമ്മെ..?
അമ്മ പരിഭവം പോലെ തലതിരിച്ചു ആ കണ്ണുകള്‍ നിറഞ്ഞു
ഒന്നും മനസ്സിലാകുന്നില്ലല്ലോ ദൈവമേ.. ഇവര്‍ എന്നില്‍ നിന്നും എന്തൊക്കെയോ മറക്കുന്നു.
വീണ്ടും വിളിച്ചു
"അമ്മേ അദേഹത്തിനു എന്തെങ്കിലും"
 ചോദ്യം കേട്ടതും അമ്മ പൊട്ടിക്കരഞ്ഞു.
ഒച്ചയും ബഹളവും കേട്ട് ഭാസ്കരേട്ടന്‍ ഓടിയെത്തി.
ഭാസ്കരേട്ടന്റെ ചോദ്യം കേട്ട് മനസ് നടുങ്ങി. "നിങ്ങള് ഇന്നത്തെ ദിവസം ഓര്‍ക്കെണ്ടിയിരുന്നില്ലേ..?"
അമ്മയും ഭാസ്കരേട്ടനും ടോര്‍ച്ചുമെടുത്ത് മുറ്റത്തിലൂടെ നടന്നു നീങ്ങി.
 അപ്പോഴാണ്‌ മുത്തശ്ശി അടുത്തെത്തിയത്
"മോള് വിഷമിക്കണ്ട  അവന്‍ പോയത് അമ്പല കുളത്തിലെക്കാവും"
ശ്രീമോളെ  കാണാന്‍ 
മുത്തഷിക്കും കണ്ണുകള്‍ നിറഞ്ഞു.
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ കണ്ണുനീരിന്റെ കനത്ത വേദനയുടെ  ഓര്‍മയിലേക്ക് ആ മുത്തശിയുടെ ഓര്‍മ്മകള്‍ ചലിച്ചു.
ശ്രീത്വമുള്ള മുഖവും
അവന്റെ കുടെ ഒരു വയറ്റില്‍ പിറന്ന അനിയത്തി അമ്പല കുളത്തില്‍ നീന്താന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ..
അന്ന് കുളക്കടവില്‍ ആളുകള്‍ കുറവായിരുന്നു. മൂന്നു നാല് ചെറുപ്പക്കാര്‍ മാത്രം
 നീന്തലറിയാത്ത അവളുടെ പിടച്ചില്‍ കണ്ടു രസിച്ചു നിന്ന  ചെറുപ്പക്കാര്‍..  ശരത്തിനെ പിടിച്ചു മാറ്റി തൊട്ടടുത്ത തെങ്ങില്‍ കെട്ടിയിട്ടു. അവളെ വെള്ളത്തില്‍ വീണ്ടും വീണ്ടും മുക്കി ശ്വാസം കിട്ടാതെ വലഞ്ഞ ശ്രീകുട്ടി മരിച്ചത് പോലും ലഹരി മുത്ത ചെറുപ്പക്കാര്‍ അറിഞ്ഞില്ല. മരിച്ച ശ്രീകുട്ടിയെ കയ്യിലെടുക്കാന്‍ പോലും കഴിയാതെ ശരത് ആര്‍ത്തു കരഞ്ഞു. വിജനമായിരുന്നു അപ്പോള്‍ അവിടം. പിന്നീട്  ആളുകള്‍ ഓടി കൂടിയപ്പോഴാണ്  ശരത്തിന്റെ കയ്യിലെ കെട്ടഴിച്ചത്.  നിശ്ചലമായ ശരീരം കെട്ടിപിടിച്ചു തേങ്ങുന്ന ശരത്തിനോടു പറയാന്‍ ആര്‍ക്കും വാക്കുകള്‍ ഇല്ലാതായി.
പോലീസും നാട്ടുകാരും കൊലയാളികളെ തിരഞ്ഞു ജയിലില്‍ അടച്ചു.  കാലം നീങ്ങിയെങ്കിലും ശരത്തിന്റെ മനസ്സില്‍ വിഭ്രാന്തിയുടെ ശകലങ്ങള്‍ ഒളിഞ്ഞു കിടന്നു. ഇടയ്ക്കിടയ്ക്ക് അവന്‍ പരിസരം മറന്നു   പൊട്ടി കരയും. പരാക്രമങ്ങള്‍ കാണിക്കും അമ്പല കുളത്തിലേക്ക് ഓടും  ശ്രീകുട്ടിയുടെ  ശ്വാസം നിശ്ചലമായ കുളത്തിലേക്ക് നോക്കി അവളോടെന്നോണം സംസാരിക്കും  അവസാനം അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കശ്മലന്‍ മാരിലേക്ക് ദേഷ്യത്തോടെ കല്ലെറിയും പിന്നീട് തളര്‍ന്നു  നിരാശയോടെ കിടക്കും.
മുത്തശി നെടുവീര്‍പോടെ പറഞ്ഞു നിര്‍ത്തി. വീണ്ടും ചിന്തയുടെ ഭാണ്ടക്കെട്ടുകള്‍ പേറിയ  മനസ്സുമായി വാതില്‍ കോണും ചാരി  നില്‍പ്പ് തുടര്‍ന്നു. അല്പം കഴിഞ്ഞു പറമ്പിലൂടെ വരുന്ന ടോര്‍ച്ചു വെട്ടത്തിലേക്കു നോക്കി.
അവര്‍ തന്നെ..
പരിഭവം നിറഞ്ഞ മനസോടെയാണെങ്കിലും തന്റെ മാറില്‍ കിടന്ന താലി സ്നേഹത്തിന്റെ നെടുവീര്‍പ്പുകള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ഭാസ്കാരേട്ടന്റെ  കയ്യില്‍ പിടിച്ചു നടന്നുവരുമ്പോള്‍ ശരത്തിന് നല്ല തളര്‍ച്ചയുണ്ടായിരുന്നു.
പതിയെ സ്നേഹത്തോടെ അമ്മ അവനെ കിടപ്പറയിലേക്ക് നടത്തി. മോഹങ്ങളുടെ കൂടാരത്തില്‍ വെള്ളിടി വെട്ടിയപ്പൊഴും ചെറു മഴയുടെ സുഖമോടെ അവള്‍ അവനെ തലോടി പറഞ്ഞു.
"ഏട്ടാ ഏട്ടന്റെ ശ്രീകുട്ടിയല്ലേ ഈ ഞാന്‍'
ഇനി ഞാനുണ്ടല്ലോ എന്നും ഏട്ടന്റെ കൂടെ....
  

Sunday, July 01, 2012

തേങ്ങുന്ന മണിവീണ


രാത്രിയുടെ ഈ ഏകാന്തതയില്‍ മനസ്സ് നീറുകയാണ്. വേദനയുടേയും അനുഭവങ്ങളുടേയും കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നിന്നില്‍ നിന്നു കിട്ടിയിരുന്ന അല്പാശ്വസവും അന്ന്യമാകുന്നുവോ എന്ന് ഞാന്‍ ഭയക്കുന്നു. എന്റെ മനസ്സിന്ന് നീറി കത്തുന്ന കനലുപോലെയാണ്. ചുറ്റുപാടുകളെ തരണം ചെയ്യാന്‍ നീ ഉണ്ടെന്റെ കൂടെയെന്ന് കരുതി. അത് നിമിഷങ്ങള്‍ കൊണ്ട് ഇടിഞ്ഞു വീഴുന്ന ചീട്ടു കൊട്ടാരം പോലെ ഇടയ്ക്കിടയ്ക്ക് തകര്‍ന്നിടിയുന്നു. എങ്ങനെ ഞാന്‍ വിശ്വസിക്കും, ആരെ ഞാന്‍ മനസിനോട് ചേര്‍ക്കും. വേണ്ട, വേദനകള്‍ എനിക്ക് മാത്രം. എന്നില്‍ ഒതുങ്ങട്ടെ എല്ലാം..!!

എഴുത്തിനെ കീറിമുറിച്ച് അമ്മിണിയമ്മയുടെ വിളി
"മോളേ കണ്ടില്ലേ മാവിന്റെ ചില്ല ഒടിഞ്ഞു നില്‍ക്കുന്നത്. ഒരു കാറ്റ് വീശിയാ അതങ്ങ് താഴെ വീഴും"
അമ്മിണിയമ്മയുടെ വാക്കിന്റെ ഗൌരവം കേട്ടപോഴാണ് മാവിലേക്ക്‌ നോക്കിയത്.
"ഒരുപാട് വയസായില്ലേ, ഇനി ശാഖകള്‍ക്കൊന്നും അത്രയ്ക്ക് ബലം കാണില്ല. അച്ഛന്‍ പോയിട്ടെന്നെ പത്ത് കൊല്ലായില്ലേ അമ്മിണിയമ്മേ.. ഇനിയതിന്റെ മാങ്ങക്കും കാണില്ല പഴയ ആ ഒരു തുടുപ്പ്. അന്ന് എന്തുമാത്രം കച്ചവടക്കാരാ മാമ്പഴം നോക്കി വില പറഞ്ഞിരുന്നത്. ഇന്നുണ്ടോ ഈ വളപ്പില്‍ ഒരുത്തനും. ഇല്ല, മനുഷ്യ ജന്മം പോലെ തന്നെ അമ്മിണിയമ്മേ.. സൌന്ദര്യം പോയാ ആര്‍ക്കാ വേണ്ടത്."
"അതെന്നെ മോളേ..."
തുണിയുടെ മുന്‍ തലപ്പെടുത്ത് അരയില്‍ കുത്തി താഴെ കിടന്ന മാങ്ങകള്‍ പെറുക്കാൻ തുടങ്ങി അമ്മിണിയമ്മ വീണ്ടും
"ഈ ആഴ്ചയും രാഘവന്‍ വന്നില്ലേ മോളേ.."
"അയളിതെവിടെ പോയി.."
കണ്ണുകള്‍ നിറഞ്ഞു. സാരിത്തലപ്പു കൊണ്ട് അമ്മിണിയമ്മ കാണും മുമ്പേ കണ്ണ് തുടച്ചു. സാധാരണ പെണ്ണുങ്ങളെപോലെ ഞാന്‍ കരഞ്ഞൂടാ. സഹിക്കണം പൊറുക്കണം. അതല്ലേ പെണ്ണ്. മലയാളത്തിന്റെ മണമുള്ള, സ്നേഹത്തിന്റെ നനവുള്ള പെണ്ണായിരിക്കണം. പുഞ്ചിരിയോടെ അല്ലാതെ തന്റെ വാക്കുകള്‍ ചുണ്ടുവിട്ടകലരുത്‌.
ഞാന്‍ കരയില്ല. മനസിന്റെ പ്രതിജ്ഞയുടെ നിറവില്‍ ചുണ്ടില്‍ ചിരി പടര്‍ന്നു. അമ്മിണിയമ്മ നിവര്‍ന്നു നിന്നതും ചിരികണ്ടതും ഒന്നിച്ചായത്‌ ഭാഗ്യം.
"ന്റെ മോളേ, ന്നാലും ന്റെ കുട്ടിയെ സമ്മതിക്കണം ഈ നാലുകെട്ടില്‍ രാത്രി ഒറ്റയ്ക്ക്.."
പറഞ്ഞ് തീരും മുമ്പേ അമ്മിണിയമ്മ ചുലെടുത്ത് മുറ്റം തൂക്കാന്‍ തുടങ്ങി.

മനസ്സ് വീണ്ടും ഏകാന്തതയിലേക്ക് യാത്രയാക്കുകയാണ്.
ആളൊഴിഞ്ഞ പറമ്പിലെ കുഞ്ഞ് അമ്പലം പോലെ. ചുറ്റുമതിലിനപ്പുറത്ത് ചീട്ടുകളിയും കൊള്ളയും കൊലയും കുശുമ്പും ബഹളങ്ങളും എല്ലാം മറച്ച് പിടിക്കുന്ന മതില്‍കെട്ടുപോലെ എന്‍റെ ക്ഷമയുടെ വലയം ഹൃദയത്തെ കവചം ചെയ്തിരിക്കുന്നു. കാറ്റില്‍ വീഴുന്ന ഇലകൾക്ക് പോലും വേദനയുടെ നിഴലിപ്പ്. മരങ്ങളുടെ തണൽ പോലെ ഇടയ്ക്കു വന്നു പോകുന്ന സാന്ത്വനങ്ങള്‍. കടുത്ത ചൂടില്‍ വീശുന്ന കുഞ്ഞിളം കാറ്റുകളാകാം എന്നെ മാനസിക വൈകല്യത്തിന് വിട്ട് കൊടുക്കാതെ പിടിച്ചു നിർത്തുന്നത്.

കണ്ണുകളടച്ച് ഇരുളില്‍ തെളിയുന്ന വെളിച്ചംപോലെ മനസിന്റെ ഉള്ളറകളിലേക്ക്...
ഓര്‍മയുടെ നനുത്ത ചിന്തകള്‍. ചുവപ്പില്‍ നീല പുള്ളിയുള്ള പാവാട ചെളിയില്‍ ഇഴയാതിരിക്കാന്‍ കൂട്ടി പിടിച്ചപോള്‍ അമ്മ പറഞ്ഞു
"മാളു വീഴാതെ നോകണേ.."
കയ്യില്‍ കിടന്ന കറുത്ത കുപ്പിവളകള്‍ ചിരിച്ചുകൊണ്ടിരുന്നു. പുസ്തകം മാറോടു ചേര്‍ത്തു. കഥനങ്ങള്‍ പറയാനില്ലാത്ത നെടുവീര്‍പ്പുകളില്ലാത്ത മനസിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുസ്തകങ്ങള്‍ക്കും അന്ന് എന്നോട് സന്തോഷം തോന്നിക്കാണും.
ഇന്ന് ഈ മാറോടു ചേര്‍ന്ന് കിടക്കുന്ന കരിമണി മാലപോലും ഒരുപക്ഷെ എന്നെപോലെ വേദനിക്കുന്നുണ്ടാകും. മനസ്സാകുന്ന ഈ അമ്പല നടയില്‍ വല്ലപ്പോഴും പൂജക്കെത്തുന്ന രാഘവേട്ടനുപോലും സ്നേഹിക്കാനെ കഴിയുന്നുള്ളൂ സഹായിക്കാന്‍ കഴിയുന്നില്ല. എന്നെപോലെ എന്നെയറിഞ്ഞ് ഈ അമ്പല നടയില്‍ ഇനി വന്നടുക്കാന്‍ ആരും ജനിക്കില്ല. വേദനയുടെ ചില്ലകളില്‍ പാറുന്ന പക്ഷികള്‍ പാറിപാറി തളരുമ്പോള്‍ കൂട്ടില്‍ അമര്‍ന്നു എന്നോടൊപ്പം വിഹാരിക്കുമായിരിക്കും. പ്രതീക്ഷകള്‍ ആണല്ലോ എല്ലാത്തിനും മുന്‍കൈ എടുപ്പുകാരന്‍.
അതെ, ഈ ആളൊഴിഞ്ഞ പറമ്പിലെ അമ്പലത്തിലും ഒരു നാള്‍ അരങ്ങേറുന്ന ഉത്സവത്തേയും കാതോര്‍ത്ത് ഞാന്‍ ഇവിടെ ഈ ചാരുപടിയില്‍...